Total Pageviews

Sunday, September 11, 2016

എന്താണ് യോഗം ?

എന്താണ് യോഗം ?
പ്രകൃതിയും മനുഷ്യനും :-
എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നു. പ്രകൃതിനിയമങ്ങൾ പാലിക്കുന്നു. അവ ഇന്നിൽ, ഈ നിമിഷത്തിൽ ജീവിക്കുന്നു. സന്തോഷം അവയുടെ അടിസ്ഥാന സ്വഭാവമാണ് . ഇന്നലെകളോ നാളെകളോ അവയെ അലട്ടുന്നില്ല. അവയുടെ ജീവിതം വളരെ ലളിതമാണ് . മനുഷ്യനും അതിലൊന്നുതന്നെ അല്ലെ?
മനുഷ്യൻ ബൗദ്ധികമായി ഏറെ പരിണാമം സിദ്ധിച്ചവൻ. തന്റെ പോരായ്മകളെ ഏറെ ബുദ്ധിശക്തികൊണ്ടു നിയന്ത്രിച്ചവൻ. പ്രകൃതിയെ കീഴടക്കിയെന്നു ചിന്തിച്ചു മൂഢസ്വർഗ്ഗത്തിൽ വിരാചിക്കുന്നു. ബുദ്ധി അവന്റെ ശക്തിയാണെങ്കിലും ഭൂത ഭാവി ചിന്തകളും അമിതാഭിലാഷങ്ങളും അവൻറെ   സ്വൈര്യം കെടുത്തുന്നു. ഇന്നിൽ ഈ നിമിഷത്തിൽ ജീവിക്കുവാൻ അവൻ മറന്നു പോയിരിക്കുന്നു. പ്രപഞ്ചത്തിൽ ഒരു സൂചിമുനയുടെ പോലും വലിപ്പമില്ലാത്ത സൗരയൂഥത്തിന്റെ ഏതോ കോണിലുള്ള ഭൂമിയിലെ രാജാവായി സ്വയം ചമയുകയാണവൻ. പ്രകൃതിയെ മെരുക്കുന്ന തിരക്കിൽ സ്വയം നാശം വിതയ്ക്കുന്നത് അവൻ കാണുന്നില്ല.
അനന്തമായ പ്രകൃതി ശക്തിയുടെ ഭാഗമാണ് പ്രകൃതി നിയമങ്ങൾ. നിയമങ്ങൾ സന്തുലിതാവസ്ഥക്കായി നിലകൊള്ളുന്നു. നിയമം മറികടന്നാൽ ശിക്ഷ ഉറപ്പ്. അലംഘനീയങ്ങളായ പ്രകൃതിനിയമങ്ങൾ ലംഘിക്കുന്ന ഏതു ജീവിയെയുമെന്നപോലെ മനുഷ്യനെയും പ്രകൃതി ശിക്ഷിക്കുന്നുണ്ട്. പുറത്തുനിന്ന് പ്രകൃതിഷോഭങ്ങളും പ്രകൃതിസമ്പത്തിന്റെ അപര്യാപ്തതകളും അകത്തുനിന്നു സ്വാർത്ഥതയും അസന്തുഷ്ടിയും രോഗങ്ങളും അവന്റെ വംശനാശത്തിന് ഇടയാക്കും എന്നതിൽ ഒരു സംശയവും ഇല്ല. പനപോലെ വളർന്നാൽ നാശവും പെട്ടെന്നാവും എന്ന നാടൻ പ്രയോഗം ഓർക്കുക. എത്രകാലം ഇങ്ങനെ എന്ന ചോദ്യം നിങ്ങളുടെ ചിന്തക്കായി സമർപ്പിക്കുന്നു!

0 comments:

Post a Comment