Total Pageviews

Sunday, May 9, 2021

എന്താണ്, എന്തിനാണ് യോഗം ?



എന്താണ്, എന്തിനാണ്  യോഗം ? (Improved - Repost)


 
യോഗം , ശരിയായ മനനത്തിൽ നിന്നും തിരിച്ചറിവിൽനിന്നും ഉരുത്തിരിഞ്ഞ, സന്തുലിതമായ  ജീവിത രീതി ആണ്. സമചിത്തതയോടെ സ്വമനസ്സാലുള്ള സ്വയം നിയന്ത്രണമാണ് യോഗത്തിന്റെ മുഖമുദ്ര.
 
മനുഷ്യനും മറ്റ് എല്ലാ ജീവജാലങ്ങളെയും പോലെ പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നു.  എല്ലാ ജീവജാലങ്ങളും പ്രകൃതിനിയമങ്ങൾ കൃത്യമായി 
 പാലിക്കുന്നു. അവ ഇന്നിൽ, ഈ നിമിഷത്തിൽ ജീവിക്കുന്നു. സന്തോഷം അവയുടെ അടിസ്ഥാന സ്വഭാവമാണ് . ഇന്നലെകളോ നാളെകളോ അവയെ അലട്ടുന്നില്ല. അവയുടെ ജീവിതം വളരെ ലളിതമാണ് . മനുഷ്യനും അടിസ്ഥാനപരമായി അതിലൊന്നുതന്നെ അല്ലെ?

മനുഷ്യൻ ബൗദ്ധികമായി ഏറെ പരിണാമം സിദ്ധിച്ചവൻ. തന്റെ പോരായ്മകളെ ഏറെ ബുദ്ധിശക്തികൊണ്ടു നിയന്ത്രിച്ചവൻ. പക്ഷേ അവൻ പലപ്പോഴും   പ്രകൃതിയെ കീഴടക്കിയെന്നു ചിന്തിച്ചു മൂഢസ്വർഗ്ഗത്തിൽ വിരാചിക്കുന്നു. ബുദ്ധി അവന്റെ ശക്തിയാണെങ്കിലും ഭൂത ഭാവി ചിന്തകളും അമിതാഭിലാഷങ്ങളും അവൻറെ സ്വൈര്യം കെടുത്തുന്നു. ഇന്നിൽ ഈ നിമിഷത്തിൽ ജീവിക്കുവാൻ അവൻ മറന്നു പോയിരിക്കുന്നു. പ്രപഞ്ചത്തിൽ ഒരു സൂചിമുനയുടെ പോലും വലിപ്പമില്ലാത്ത സൗരയൂഥത്തിന്റെ ഏതോ കോണിലുള്ള ഭൂമിയിലെ രാജാവായി സ്വയം ചമയുകയാണവൻ. പ്രകൃതിയെ മെരുക്കുന്ന തിരക്കിൽ സ്വയം നാശം വിതയ്ക്കുന്നത് അവൻ കാണുന്നില്ല.

അനന്തമായ പ്രകൃതി ശക്തിയുടെ ഭാഗമാണ് പ്രകൃതി നിയമങ്ങൾ. ആ  നിയമങ്ങൾ സന്തുലിതാവസ്ഥക്കായി നിലകൊള്ളുന്നു. നിയമം മറികടന്നാൽ ശിക്ഷ ഉറപ്പ്. അലംഘനീയങ്ങളായ പ്രകൃതിനിയമങ്ങൾ ലംഘിക്കുന്ന ഏതു ജീവിയെയുമെന്നപോലെ മനുഷ്യനെയും പ്രകൃതി ശിക്ഷിക്കുന്നുണ്ട്. രോഗങ്ങളും അനാരോഗ്യവും ആ ശിക്ഷയുടെ വകഭേദങ്ങൾ തന്നെ  ആണ്. ഉദാഹരണത്തിന് എയ്ഡ്സ്, സാർസ് കോവിഡ് പോലുള്ള രോഗങ്ങൾ എങ്ങിനെ നമ്മളിൽ എത്തി ഇതുപോലെ നാശം വിതക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്ങിനെ ഡയബെറ്റിസ് ഉം  അമിത രക്തസമ്മർദ ഹൃദയ രോഗങ്ങളും കരൾ രോഗങ്ങളും പലവിധ അർബുദ രോഗങ്ങളും പലതര മനോരോഗാവസ്ഥകളും  മറ്റും  നമ്മുടെ ഇടയിൽ ഇത്ര  സാമാന്യമായി കണ്ടുതുടങ്ങി എന്ന് ചിന്തിച്ചു നോക്കൂ.  പുറത്തുനിന്ന് പ്രകൃതിഷോഭങ്ങളും പ്രകൃതിസമ്പത്തിന്റെ അപര്യാപ്തതകളും അകത്തുനിന്നു സ്വാർത്ഥതയും അസന്തുഷ്ടിയും രോഗങ്ങളും അവന്റെ വംശനാശത്തിന് ഇടയാക്കും എന്നതിൽ ഒരു സംശയവും ഇല്ല. പനപോലെ വളർന്നാൽ നാശവും പെട്ടെന്നാവും എന്ന നാടൻ പ്രയോഗം ഓർക്കുക. നമ്മുടെ ആരോഗ്യം ആരുടെ ഉത്തരവാദിത്വം  ആണ്? സർക്കാരിന്റേയോ അതോ ആശുപത്രികളുടെയോ? നമ്മൾ എന്ത് പരിഹാരം ചെയ്തു? നിരുത്തരവാദിത്വപരമായി ഇനിയും എത്രകാലം ഇങ്ങനെ എന്ന ചോദ്യം നിങ്ങളുടെ ചിന്തക്കായി സമർപ്പിക്കുന്നു!

യോഗം ആധുനികയുഗത്തിലും മിഴിവാർന്ന ഒരു  അതിപുരാതന ആശയം ആണ്. നിയമം ലംഘിക്കാതെ ജീവിക്കാനുള്ള ഒരു ഉപാധി ആണ് യോഗം. ശരിയായ തിരിച്ചറിവുകളിൽ നിന്നും സാമാന്യ ബുദ്ധിയിൽ നിന്നും ഉരുത്തിരിഞ്ഞ  ശാസ്ത്ര പിൻബലമുള്ള ഒരു ജീവിത രീതിയാണ് യോഗം. വിത്യസ്ത ചിന്താഗതി ഉള്ളവർ വത്യസ്തരീതിയിൽ ഇതിനെ സമീപിച്ചപ്പോൾ വത്യസ്തങ്ങൾ ആയ യോഗ രീതികൾ ഉണ്ടായി. എന്നാൽ അടിസ്ഥാന രീതികളും ഗുണങ്ങളും ഒന്ന് തന്നെ. തിരിച്ചറിവും ദൃഢനിശ്ചയവും ആണ് യോഗ പഠനത്തിനുള്ള ഏറ്റവും പ്രധാന ആവശ്യം. ശരിയായ ദിശയിൽ നയിക്കാൻ കഴിയുന്ന,  തന്നെ സമീപിക്കുന്ന വ്യക്തികളെ ശരിയായി അപഗ്രഥിച്ചു സഹായിക്കാൻ കഴിവുള്ള ഗുരുവിനെ കണ്ടെത്തുന്നതാണ് ഏതു യോഗരീതിയും അഭ്യസിക്കാനുള്ള ആദ്യ പടി. യോഗം അവലംബിച്ചു മുന്നോട്ടുള്ള യാത്ര നമ്മളിൽ പുതിയ പുതിയ ഉൾക്കാഴ്ചകളും മാറ്റങ്ങളും സൃഷ്ടിക്കും എന്ന് ഉറപ്പ്. ഏവരിലും ഒരു ചിത്രശലഭം വിരിഞ്ഞു പറന്നുയരും!

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ദയവായി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ

    ReplyDelete